ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.(Veteran stunt master Malaysia Bhaskar dies of heart attack)
തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ ഭാഷാ സിനിമകളിലെല്ലാം ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിച്ച വ്യക്തിയാണ് അദ്ദേഹം. മലയാള സിനിമാ പ്രേമികൾക്ക് ടൈറ്റിൽ കാർഡുകളിലൂടെ ഏറെ പരിചിതമായ ഈ പേര് നിരവധി ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കി.
ഫാസിൽ, സിദ്ദിഖ്, സിബി മലയിൽ തുടങ്ങിയ മുതിർന്ന സംവിധായകരുടെയും ഒപ്പം പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളിൽ മലേഷ്യ ഭാസ്‌ക്കർ പ്രവർത്തിച്ചിട്ടുണ്ട്.
മലയാളത്തിൽ അദ്ദേഹം ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിച്ച ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ് 'കൈയെത്തും ദൂരത്ത്', 'ബോഡി ഗാർഡ്', 'മൈ ഡിയർ കരടി' എന്നിവ.