മുംബൈ: പ്രമുഖ നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് 12 മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് വിവരം. സുലക്ഷണയുടെ സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.(Veteran Actor-Singer Sulakshana Pandit passes away At 71)
ഇതിഹാസ ക്ലാസിക്കൽ ഗായകൻ പണ്ഡിറ്റ് ജസ്‌രാജിൻ്റെ മരുമകളും സംഗീതസംവിധായകരായ ജതിൻ-ലളിത് ദമ്പതികളുടെ സഹോദരിയുമായിരുന്നു സുലക്ഷണ. 1954 ജൂലൈ 12-ന് ഛത്തീസ്ഗഡിലെ റായ്ഗഡിൽ ജനിച്ച സുലക്ഷണ ഒൻപതാം വയസ്സിലാണ് സംഗീത യാത്ര ആരംഭിച്ചത്. 1967-ൽ അവർ പിന്നണി ഗാനരംഗത്ത് എത്തി.
1975-ൽ പുറത്തിറങ്ങിയ 'സങ്കൽപ്' എന്ന ചിത്രത്തിലെ 'തു ഹി സാഗർ ഹേ തു ഹി കിനാര' എന്ന ഗാനമാണ് സുലക്ഷണയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തത്. ഈ ഗാനത്തിലൂടെ അവർക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
1967-ലെ 'തഖ്ദീർ' എന്ന ചിത്രത്തിൽ ലതാ മങ്കേഷ്‌കറുമൊത്തുള്ള ഡ്യുയറ്റ് ഗാനമായ 'സാത്ത് സമന്ദർ പാർ സേ' വലിയ ജനപ്രീതി നേടിയിരുന്നു. ഹിന്ദി സിനിമാ ലോകത്തിന് സംഗീതത്തിലൂടെയും അഭിനയത്തിലൂടെയും മികച്ച സംഭാവനകൾ നൽകിയ കലാകാരിയായിരുന്നു സുലക്ഷണ പണ്ഡിറ്റ്.