
ഉണ്ണി മുകുന്ദനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കാഥികൻ’. 2023 ഡിസംബർ എട്ടിന് തീയേറ്ററുകളിലെത്തിയ ചിത്രത്തിൽ കഥാപ്രസംഗത്തിന്റെയും കാഥികരുടെയും പ്രൗഢിനിറഞ്ഞ പഴയകാലവും ഇപ്പോഴത്തെ അവസ്ഥയുമാണ് തുറന്നു കാട്ടുന്നത്. മുകേഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോൾ റിലീസായി ഒന്നര വർഷത്തിനുശേഷം ‘കാഥികൻ’ ഒടിടിയിൽ എത്തുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് ‘കാഥികൻ’ സ്ട്രീമിങ്ങിന് എത്തുന്നത്. സെപ്റ്റംബർ നാല് മുതൽ ചിത്രം മനോരമ മാക്‌സിൽ പ്രദർശനം ആരംഭിക്കും.
ദേശീയ അവാര്‍ഡ് ജേതാവായ ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ മുകേഷാണ് കാഥികൻ ചന്ദ്രസേനൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജുവനൈൽ ഹോം സൂപ്രണ്ടും ഒരു കാഥികനും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ജുവനൈൽ ഹോം സൂപ്രണ്ടായാണ് സിനിമയിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. ബാലതാരമായ കൃഷ്‌ണാനന്ദ്, ഗോപു കൃഷ്‌ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. വയലാർ ശരത് ചന്ദ്രവർമയാണ് വരികൾ എഴുതിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും സംവിധായകൻ ജയരാജ് തന്നെയാണ്. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്‌ടര്‍ മനോജ് ഗോവിന്ദും സംവിധായകന്‍ ജയരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് വിപിൻ വിശ്വകർമയാണ്.