
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാന്‍ മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രണ്ട് ഹിന്ദി സിനിമകള്‍ ഒരുക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ പ്രഖ്യാപനം.
‘വരാനിരിക്കുന്ന രണ്ട് ഹിന്ദി സിനിമകളില്‍ ഇന്ത്യയുടെ മസില്‍ അളിയന്‍ അഭിനയിക്കുന്നു’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ നിര്‍മാണ കമ്പനി അറിയിച്ചിരിക്കുന്നത്. താരത്തിനു ജന്മദിനാശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്.
‘മാര്‍ക്കോ’യുടെ വന്‍ വിജയമാണ് ഉണ്ണി മുകുന്ദനു കേരളത്തിനു പുറത്ത് ഇത്ര വലിയ സ്വീകാര്യത നേടികൊടുത്തത്. ഹിന്ദിയില്‍ അടക്കം മാര്‍ക്കോ വലിയ വിജയമായിരുന്നു. വേള്‍ഡ് വൈഡായി 100 കോടിയിലേറെ കളക്ട് ചെയ്ത ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു.
സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഐന്‍സ്റ്റീന്‍ മീഡിയ ആണ് ഈ ചിത്രത്തിന്റെ നിര്‍മാണം.
ക്രാന്തി കുമാര്‍ സി.എച്ച് സംവിധാനം ചെയ്യുന്ന ‘മാ വന്ദേ’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കും. പ്രധാനമന്ത്രിയുടെ ജീവചരിത്രം പറയുന്ന ഈ സിനിമ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി അടക്കം അഞ്ചോളം ഭാഷകളില്‍ പുറത്തിറക്കാനാണ് തീരുമാനം. അതിനുശേഷമായിരിക്കും ഉണ്ണി മുകുന്ദന്റെ ഹിന്ദി അരങ്ങേറ്റം.