നിതേഷ് തിവാരി സംവിധാനം ചെയ്ത് 2026ൽ പുറത്തിറങ്ങാനിരിക്കുന്ന ‘രാമായണം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി എ.ആർ.റഹ്മാനും ജർമ്മൻ സംഗീതഞ്ജൻ ഹാൻസ് സിമ്മറും കൈകോർക്കുമെന്ന് വെളിപ്പെടുത്തി നിർമാതാവ് നമിത് മല്‍ഹോത്ര. വിശ്വവിഖ്യാതരായ രണ്ട് സംഗീതഞ്ജരെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ നിരവധി പ്രേക്ഷകരാണ് നമിതിനോട് നന്ദി പറഞ്ഞിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കന്നഡ സൂപ്പർതാരം യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘രാമായണം’. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്. രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
രൺബീർ കപൂറാണ് രാമന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. സായി പല്ലവി സീതയെയും സണ്ണി ഡിയോൾ ഹനുമാനെയും അവതരിപ്പിക്കും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്.