

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണ് 'കളങ്കാവൽ'. ഒരു ക്രൈം ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം സിനിമാപ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇപ്പോൾ കളങ്കാവലിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന് യുഎ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ‘ട്രൂത്ത് ബ്ലീഡ്സ്, സൈലൻസ് ബ്രേക്ക്സ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് മമ്മൂട്ടി കമ്പനി ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം നവംബർ 27 ന് തിയേറ്ററുകളിലെത്തുമെന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്.
മമ്മൂട്ടിയുടെ പിറന്നാൾ ദിവസം പുറത്തുവന്ന സിനിമയുടെ ടീസറിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആ ടീസറിലെ മമ്മൂട്ടിയുടെ ചിരി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കഥയാണ് കളങ്കാവിലിന്റേതെന്ന് സംവിധായകൻ ജിതിൻ കെ ജോസ് പറഞ്ഞിട്ടുണ്ട്.