പ്രഭാസ് നായകനാവുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ ദീപികാ പദുക്കോണിനു പകരം തൃപ്തി ദിമ്രിയെ നായികയാക്കി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. തൃപ്തിയായിരിക്കും സ്പിരിറ്റിലെ നായികയെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദീപ് റെഡ്ഡി വാങ്കയുടെ സോഷ്യൽ മീഡിയാ പോസ്റ്റിനെ പ്രശംസിച്ച് രാം ഗോപാൽ വർമ.
"അനിമലിൽ നിങ്ങൾ കാണിച്ച അവരുടെ അസാമാന്യമായ സ്ക്രീൻ പ്രസൻസും പ്രകടനവും വെച്ചുനോക്കുമ്പോൾ, ഈ തീരുമാനം തൃപ്തിയെ ഇപ്പോഴത്തെ വൻ താരങ്ങൾക്കും അപ്പുറം ബോളിവുഡിലെ അടുത്ത വലിയ താരമാക്കുമെന്ന് ഞാൻ കരുതുന്നു. അഭിനന്ദനങ്ങൾ തൃപ്തി ദിമ്രി. നിങ്ങളുടെ ‘സ്പിരിറ്റ്’ പറന്നുയരാനുള്ള സമയമായിരിക്കുന്നു." - രാം ഗോപാൽ വർമ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തൃപ്തിയാണ് തന്റെ സിനിമയിൽ നായികയെന്ന് സന്ദീപ് അറിയിച്ചത്. "ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതില്‍ അതിയായ നന്ദി. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു." - എന്നായിരുന്നു ഇതിനോട് തൃപ്തിയുടെ പ്രതികരണം.
ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് അവരെ ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നുള്ള നിരവധി ഡിമാന്റുകളാണ് ദീപിക മുന്നോട്ട് വച്ചത്. എന്നാൽ ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന് സന്ദീപ് വെളിപ്പെടുത്തി.