
തന്റെ പിതാവിന്റെ ആദ്യ വാഹനത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് സല്‍മാന്‍ ഖാന്‍. 'ട്രയംഫിന്റെ ടൈഗർ 100' എന്ന ബൈക്കിൽ പിതാവ് സലിം ഖാൻ ഇരിക്കുന്ന ചിത്രമാണ് സൽമാൻ പങ്കുവെച്ചത്. 1956 ൽ സ്വന്തമാക്കിയ വാഹനമാണിത്.
"ആ ബൈക്ക് അദ്ദേഹത്തിന് ഒരു ഇമോഷനായിരുന്നു. അദ്ദേഹം 16 വയസ്സുള്ളപ്പോൾ 4,800 രൂപക്ക് വാങ്ങിയ ബൈക്കാണിത്. വർഷങ്ങളായി കുടുംബത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്ന ഈ വിന്റേജ് വാഹനം കുടുംബ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമായിരുന്നു. പിതാവിൽ നിന്നാണ് ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചത്. ബൈക്ക് റീസ്റ്റോർ ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എങ്കിലും തിരിച്ചെടുത്തപ്പോൾ പിതാവിന് സന്തോഷമായി." - സൽമാൻ ഖാൻ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ സജീവമല്ലെങ്കിലും ഇടക്കിടെ ഇത്തരം സുന്ദരമായ മുഹൂർത്തങ്ങളും ചിത്രങ്ങളുമൊക്കെ സൽമാൻ ഖാൻ തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പഴയ ബൈക്കിൽ പിതാവ് സലിം ഖാൻ ഇരിക്കുന്നത് നോക്കി നിൽക്കുന്ന സൽമാനാണ് ആദ്യ ചിത്രത്തിലുള്ളത്. പിന്നെ അതേ ബൈക്കിൽ താരമിരിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
1956 മോഡൽ ട്രയംഫ് ടൈഗർ ഇന്ത്യയിൽ തന്നെ ഏറ്റവും അപൂർവമായ വാഹനമാണ്. ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫിന്റെ ആദ്യകാല വാഹനങ്ങളിൽ ഒന്നായിരുന്നു ടൈഗർ 100. രണ്ടാം ലോക യുദ്ധത്തിന്റെ സമയത്തിന്റെ 1940 ൽ ജർമൻ ബോംബാക്രമണത്തിൽ ഫാക്ടറി നാമാവശേഷമായപ്പോൾ ഈ വാഹനത്തിന്റെ നിർമാണവും അവസാനിച്ചിരുന്നു.
എന്നാൽ 1946 കളിൽ കമ്പനി വീണ്ടും ബൈക്കുകൾ നിർമിക്കാൻ തുടങ്ങി. ഭാരത്തിലും കരുത്തിലും മുമ്പിലുള്ള ടൈഗർ 100 ഒരു സ്പോർട്സ് ബൈക്ക് ആയാണ് പിന്നീട് വികസിപ്പിച്ചെടുത്തത്. പേരിലെ 100 എന്നത് ബൈക്കിന് കൈവരിക്കാൻ കഴിയുന്ന പരമാവധി വേഗത്തെയാണ് സൂചിപ്പിക്കുന്നത്. 500 സി സി പാരലൽ ട്വിൻ എൻജിനോടുകൂടിയാണ് ട്രയംഫ് ടൈഗർ 100 പുറത്തിറങ്ങിയത്.