
നടൻ ദളപതി വിജയ്‌യും നടി തൃഷയുമാണ് ഇപ്പോൾ കോളിവുഡിൽ ചർച്ചാവിഷയം. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നായികമാരിൽ ഒരാളാണ് തൃഷ. അടുത്തിടെ വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് തൃഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ വലിയ ചർച്ചയായിരുന്നു. വിജയ്‍യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ വരെ ഉണ്ടായി. ഇതിനിടെ, തൃഷ മുമ്പ് നൽകിയ ഒരു അഭിമുഖത്തിലെ ചെറിയൊരു ഭാഗമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
തനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്നും, എന്നെങ്കിലും ഒരിക്കൽ മുഖ്യമന്ത്രിയാവണമെന്നും തൃഷ പറയുന്ന വീഡിയോ ആണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. "എം.ജി.ആറിനൊപ്പം ജയലളിത നിലകൊണ്ടത് പോലെ, വിജയ്‌ക്കൊപ്പം രാഷ്ട്രീയത്തിൽ കൂട്ടാളിയാവാനുള്ള പുറപ്പാടിലാണ് തൃഷ" എന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. ഈ വീഡിയോ കൂടി പുറത്തുവന്നതോടെ വിഷയം ചർച്ചയായി. നേരത്തെ പല അഭിമുഖങ്ങളിലും രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം നടി വെളിപ്പെടുത്തിയിരുന്നു.
മുൻപ്, തമിഴ് സിനിമ നിരൂപകനായ അനന്തൻ, തൃഷ വിജയ്‌യോടൊപ്പം രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സൂചിപ്പിച്ചിരുന്നു. തുടക്കകാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ തമിഴ്‌നാടിന്റെ സിഎം ആവുകയാണ് ലക്ഷ്യമെന്ന് നടി പറഞ്ഞിരുന്നു. പിന്നീട് മറ്റൊരു അഭിമുഖത്തിൽ, തനിക്ക് ജനങ്ങളോട് വലിയ കടപാടുണ്ടെന്നും, ജനങ്ങക്കായി പ്രവർത്തിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്നും, എന്നെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും തൃഷ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോയാണ് വീണ്ടും വൈറലായത്.
ഇതോടെ, 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃഷ രാഷ്ട്രീയത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. വിജയ്‌യുടെ സ്വന്തം രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ തൃഷ അധികം വൈകാതെ ചേരുമെന്നും അഭ്യൂഹങ്ങളുമുണ്ട്. വിജയ്‌യുടെ പാത പിന്തുടർന്ന്, നടി സിനിമയോട് വിട പറഞ്ഞേക്കുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.