

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐഎഫ്എഫ്കെയില്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഘട്ടക്കിന്റെ വിഖ്യാതമായ വിഭജനത്രയത്തിലെ മൂന്ന് ചിത്രങ്ങളും ഈ പാക്കേജില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. കോമള്‍ ഗാന്ധാര്‍, തിതാഷ് ഏക് തി നദിര്‍ നാം, സുബര്‍ണരേഖ, മേഘെ ധക്ക താര എന്നീ ചിത്രങ്ങളുടെ പുനരുദ്ധരിച്ച പതിപ്പുകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ വേള്‍ഡ് സിനിമാ പ്രൊജക്റ്റിന്റെ ഭാഗമായി ഇറ്റലിയിലെ റെസ്റ്ററേഷന്‍ ലാബറട്ടറിയിലാണ് 'തിതാഷ് ഏക് തി നദിര്‍ നാം' പുനരുദ്ധരിച്ചത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയാണ് മറ്റു മൂന്നു ചിത്രങ്ങളും 4കെ റെസല്യൂഷനില്‍ പുതുക്കിയിരിക്കുന്നത്.
ഘട്ടക്കിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് 1960ലെ 'മേഘ ധക്ക താര' (മേഘാവൃതമായ നക്ഷത്രം). 'വിഭജന ത്രയം' എന്നു വിളിക്കപ്പെടുന്ന ചിത്രങ്ങളിലെ ആദ്യത്തേതാണ് ഈ ചിത്രം. 'സുബര്‍ണരേഖ' (1962). സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയിലെ തിതാഷ് നദിക്ക് സമീപത്ത് ജീവിക്കുന്ന മാലോ എന്ന മുക്കുവസമൂഹത്തിന്റെ ജീവിതപ്രശ്നങ്ങളാണ് 'തിതാഷ് ഏക് തി നദിര്‍ നാം' (1973) ചര്‍ച്ചയ്‌ക്കെടുക്കുന്നത്.