
ബോക്സ് ഓഫീസില്‍ തരംഗം സൃഷ്‌ടിച്ച ടൊവിനോ തോമസിന്റെ നരിവേട്ട ഒടിടിയിലെത്തി. സംവിധാനം നിര്‍വഹിച്ചത് അനുരാജ് മനോഹറാണ്. ആഗോള ബോക്സ് ഓഫീസില്‍ 30 കോടിയോളം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍. ഒടിടിയിലേക്ക് ജൂലൈ 11ന് ചിത്രം എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒരു ദിവസം മുന്നേ സോണി ലൈവിൽ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.
‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നതെന്നും ഞെട്ടിക്കുന്ന സിനിമാ അനുഭവം ആണെന്നുമായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്.
ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാണ് ഇതെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്‍ണ,ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.