
ബിഗ് ബജറ്റ് ചിത്രങ്ങളിറക്കി കോടികൾ തിരിച്ചു പിടിക്കുക എന്നത് ഇന്ത്യൻ സിനിമയിൽ സർവസാധാരണമാണ്. ചെറിയ ബജറ്റിലെ സിനിമകളോട് താരങ്ങൾക്കും നിർമാതാക്കൾക്കും സംവിധായകർക്കും പൊതുവേ താൽപര്യമുണ്ടാകാറില്ല. എന്നാൽ കുറഞ്ഞ മുതൽമുടക്കിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ഒരു ചിത്രമുണ്ട്. നിർമാണച്ചെലവ് വെറും ഏഴ് കോടി.
മറ്റ് പരസ്യങ്ങളൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം തിയറ്ററുകളുകളിൽ പ്രേക്ഷകരെ എത്തിച്ചത്. തമിഴ് കോമഡി ഡ്രാമയായ 'ടൂറിസ്റ്റ് ഫാമിലി' എന്ന ചിത്രമാണ് 2025-ൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ലാഭകരമായ ഇന്ത്യൻ ചിത്രം. അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത് ഏപ്രിൽ 29-ന് പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മിഥുൻ ജയ് ശങ്കർ, എം ശശികുമാർ, രമേശ് തിലക് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
ആദ്യ ആഴ്ചയിൽ ടൂറിസ്റ്റ് ഫാമിലി 23 കോടി രൂപ നേടി. രണ്ടാം ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ 29 കോടിയാണ് നേടിയത്. ഇതുൾപ്പടെ 90 കോടി രൂപയാണ് സിനിമ മൊത്തം കലക്ട് ചെയ്തത്. സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ ശേഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.