സാഹസിക രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന് ഓണററി ഓസ്‌കർ പുരസ്‌കാരം നൽകി അക്കാദമി ആദരിച്ചു. സിനിമയിലെ താരത്തിന്റെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം.(Tom Cruise receives honorary Oscar)
ഞായറാഴ്ച നടന്ന ഗവർണേഴ്‌സ് അവാർഡ്‌സ് ചടങ്ങിൽ വെച്ചാണ് ടോം ക്രൂസിന് പുരസ്‌കാരം സമ്മാനിച്ചത്. പ്രശസ്ത സംവിധായകൻ അലജാന്ദ്രോ ജി. ഇനാരിറ്റുവാണ് ക്രൂസിന് ഓസ്‌കർ നൽകിയത്. നേരത്തെ മൂന്ന് തവണ ഓസ്‌കർ നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും താരത്തിന് പുരസ്‌കാരം നേടാനായിരുന്നില്ല.
'ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലൈ', 'ജെറി മഗ്വെയർ' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനായി രണ്ട് തവണ, മികച്ച സഹനടനായ 'മഗ്നോളിയ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഒരു തവണ എന്നിങ്ങനെയാണ് ഇത്. നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെ ദശകങ്ങളായി സിനിമാലോകത്തെ വിസ്മയിപ്പിച്ച ടോം ക്രൂസിന് ലഭിച്ച ഈ ആദരം ആരാധകർ ആഘോഷമാക്കുകയാണ്.