

വീണ്ടും ‘വസീഗരാ’ ഗാനം ആലപിച്ച് രേണു സുധി. ‘മിന്നലേ’ എന്ന ചിത്രത്തിൽ ബോംബെ ജയശ്രീ പാടി മനോഹരമാക്കിയ ഗാനമാണ് രേണു സുധി ആലപിച്ചത്. ഒരു പരിപാടിയുടെ ഭാഗമായി വയനാട് എത്തിയതായിരുന്നു രേണു. പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘പാട്ട് മാറ്റി പിടിക്കാമോ?’ എന്നാണ് ആരാധകർ ചോദിക്കുന്നത്. ബിഗ് ബോസിലാണ് രേണു സുധി ആദ്യമായി ‘വസീഗരാ’ ഗാനം ആലപിക്കുന്നത്. ഗാനത്തിന് ശ്രദ്ധ ലഭിച്ചതോടെ ഗൾഫിൽ നടന്ന പരിപാടിയില്‍ ഉൾപ്പെടെ രേണു ഇതേ ഗാനം ആലപിച്ചിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു. ഓപ്പൺ സ്റ്റേജിൽ ഇത്ര കോൺഫിഡൻസോടെ പാടണമെങ്കിൽ രേണു സുധി പൊളിയാണെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.
എന്നാൽ വീണ്ടും ഇതേ ഗാനം ആവർത്തിച്ചതിനു പിന്നാലെയാണ് വേറെ പാട്ടുപാടാനുള്ള ആവശ്യം ഉയർന്നത്. ‘പാട്ട് കേട്ട് മടുത്തു’, ‘ഒന്ന് മാറ്റി പിടി ചേച്ചി’, ‘ഇത് തീർന്നില്ലെ ഇതുവരെ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ. എന്നാൽ ആരാധകരുടെ നിർബന്ധ പ്രകാരമാണ് ഈ പാട്ട് രേണുവിന് വീണ്ടും പാടേണ്ടി വരുന്നതെന്നും പലരും പറയുന്നുണ്ട്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.