
ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞ കമൽഹാസൻ–മണിരത്നം ചിത്രം 'തഗ്‌ലൈഫ്' ഒടിടിയില്‍. ജൂലൈ 3 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും. സിനിമ വലിയ പരാജയമായതോടെയാണ് മുന്‍പ് നിശ്ചയിച്ചിരുന്ന തീയതിക്കും മുന്നേ സിനിമയുടെ സ്ട്രീമിങ് തുടങ്ങിയത്.
ജൂൺ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നാകെ നേടിയത് 45.52 കോടിയാണ്. അതേസമയം തഗ് ലൈഫിന്റെ ഇതുവരെയുള്ള ആഗോള കലക്‌ഷൻ 90 കോടിയാണ്. കമൽഹാസന്റെയും മണിരത്നത്തിന്റെയും സമീപകാല ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ‘തഗ് ലൈഫ്’ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഏകദേശം 300 കോടി മുടക്കിയ തഗ് ലൈഫിന് 100 കോടി ക്ലബ്ബിൽ പോലും ഇടം പിടിക്കാനായിട്ടില്ല.
ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.