

മോഹൻലാലിൻ്റെ സൂപ്പർ ഹിറ്റ് ചിത്രം ‘തുടരും’ ധാക്ക രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി അണിയറപ്രവർത്തകർ അറിയിച്ചു. ഗോവയിൽ നടക്കുന്ന 56 -മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധാക്ക ചലച്ചിത്ര മേളയിലേക്കുള്ള സിനിമയുടെ പ്രവേശനം.
ബംഗ്ലാദേശിലെ ധാക്കയിൽ അടുത്ത വർഷം ജനുവരി 10 മുതൽ 18 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. 1992ലാണ് ഈ ചലച്ചിത്ര മേള ആരംഭിച്ചത്. ഗോവ ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ആസിഫ് അലി – താമർ കെവി ചിത്രമായ സർക്കീട്ടും മേളയിൽ പ്രദർശിപ്പിക്കും. രണ്ട് മലയാള സിനിമകൾ മാത്രമാണ് ഗോവ ചലച്ചിത്ര മേളയിൽ ഉള്ളത്.
കെആർ സുനിലും സംവിധായകൻ തരുൺ മൂർത്തിയും ചേർന്ന് തിരക്കഥയൊരുക്കിയ സിനിമയാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് സിനിമ നിർമ്മിച്ചത്. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്തപ്പോൾ നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്ന് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചു. ജേക്സ് ബിജോയ് ആയിരുന്നു സംഗീത സംവിധാനം.
മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ശോഭന, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻപിള്ള രാജു തുടങ്ങിയവരും സിനിമയിൽ സുപ്രധാന വേഷങ്ങളിലെത്തി. കുടുംബചിത്രമായി തുടങ്ങിയ സിനിമ പിന്നീട് ഒരു റിവഞ്ച് ത്രില്ലർ മൂഡിലേക്ക് മാറുകയായിരുന്നു. പ്രകാശ് വർമ്മ അവതരിപ്പിച്ച വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രിൽ 25ന് റിലീസായ സിനിമ ബോക്സോഫീസിൽ നിന്ന് 230 കോടി രൂപയിലധികം നേടിയിരുന്നു.