"നടിയെ ആക്രമിച്ച കേസ് മുതൽ എല്ലാ കേസുകളിലും അറസ്റ്റിലാവുന്നവർ ഫെഫ്ക അംഗങ്ങളാണ്, സംഘടന ഒന്നും അറിയുന്നില്ലെന്ന് പറയുന്നതിൽ അർഥമില്ല"; സാന്ദ്ര തോമസ് | FEFKA

"തനിക്കെതിരായ വധഭീഷണിയിൽ റെനി ജോസഫിനെതിരെ സ്വീകരിച്ച നടപടി വെറും കണ്ണിൽ പൊടിയിടൽ മാത്രം, മദ്യപിച്ചയാൾക്ക് ആരെയും എന്തും പറയാമെന്നത് ശരിയല്ല"
Sandra
Published on

കൊച്ചി: തനിക്കെതിരായ വധഭീഷണിയിൽ റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്ത നടപടി വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് നിർമാതാവ് സാന്ദ്ര തോമസ്. ഭീഷണി സന്ദേശത്തിന്റെ വോയിസ് ക്ലിപ്പ് പുറത്തുവന്നതുകൊണ്ട് മാത്രമാണ് നടപടിയെടുത്തതെന്നും ഭീഷണിയെക്കുറിച്ച് നേരത്തെ തന്നെ ഫെഫ്ക ഭാരവാഹികൾക്ക് അറിയാമായിരുന്നുവെന്നും അന്ന് ഒരു മുന്നറിയിപ്പ് പോലും കൊടുക്കാത്തവർ ഇപ്പോൾ നടപടിയെടുത്തത് എന്തിനാണെന്നും സാന്ദ്ര ചോദിച്ചു.

"റെനിയുടെ ഭീഷണി മദ്യലഹരിയിലാണെന്ന വാദം അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ്. മദ്യപിച്ചയാൾക്ക് ആരെയും എന്തും പറയാമെന്നത് ശരിയല്ല. തന്നെയും പിതാവിനെയും വളരെ മോശമായ ഭാഷയിലാണ് അദ്ദേഹം അധിക്ഷേപിച്ചത്. നടിയെ ആക്രമിച്ച കേസ് മുതൽ എല്ലാ കേസിലും അറസ്റ്റിലാവുന്നവർ ഫെഫ്ക അംഗങ്ങളാണ്. അതൊന്നും സംഘടന അറിയുന്നില്ല എന്ന് പറയുന്നതിൽ അർഥമില്ല." - സാന്ദ്ര പറഞ്ഞു.

താൻ 15 വർഷമായി സിനിമ ചെയ്യുന്ന നിർമാതാവാണ്. നിരവധി പ്രൊഡക്ഷൻ കൺട്രോളർമാരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം ആളുകളും എങ്ങനെ നിർമാതാവിനെ പറ്റിച്ച് അടുത്ത സിനിമ ചെയ്യാമെന്ന് വിചാരിച്ച് നടക്കുന്നവരാണ്. താൻ നേരത്തെ ഉന്നയിച്ച വിമർശനങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com