

ഗൾഫ് രാജ്യങ്ങളുൾപ്പടെ വിവിധ രാജ്യങ്ങളിൽ ഐഎഫ്എഫ്കെ എഡിഷൻ സംഘടിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. കൂടാതെ കാൻ ഉൾപ്പടെയുള്ള മേളകളിലും ഐഎഫ്എഫ്കെയിലെ മലയാളസിനിമകൾ പ്രദർശിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും, ഐഎഫ്എഫ്കെയിൽ സർക്കാർ ഏജൻസികൾക്കുള്ള സൗജന്യ പാസുകൾ നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഗൾഫ് രാജ്യങ്ങളുൾപ്പടെ വിവിധ രാജ്യങ്ങളിൽ ഐഎഫ്എഫ്കെ എഡിഷൻ സംഘടിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. അത് പോലെ തന്നെ കാൻ ഉൾപ്പടെ മേളകളിലും ഐഎഫ്എഫ്കെയിലെ മലയാളസിനിമകൾ പ്രദർശിപ്പിക്കാൻ നടപടിയുണ്ടാകും. ഐഎഫ്എഫ്കെയിൽ പാസുകൾ സിനിമയെ സ്നേഹിക്കുന്നവർക്ക് മാത്രമെന്ന നിലയിൽ ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നോട് പലരും ചൂണ്ടി കാണിച്ച ഒരു കാര്യമാണത്. അത് കൊണ്ട് തന്നെ ഐഎഫ്എഫ്കെയിൽ സർക്കാർ ഏജൻസികൾക്കുള്ള സൗജന്യ പാസുകൾ നിയന്ത്രിക്കും”. -റസൂൽ പൂക്കുട്ടി പറഞ്ഞു.
ഡിസംബർ 12 മുതൽ 19 വരെയാണ് ഐഎഫ്എഫ്കെ നടക്കുന്നത്. സഞ്ജു സുരേന്ദ്രന്റെ ‘ഖിഡ്കി ഗാവ്’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ലൈഫ് ഓഫ് എ ഫാലസ്’എന്നീ ചിത്രങ്ങളാണ് ഐഎഫ്എഫ്കെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങൾ. 12 സിനിമകളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എബ്ബ് (ജിയോ ബേബി), സമസ്താലോകാ (ഷെറി ഗോവിന്ദൻ), അംബ്രോസിയ (ആദിത്യാ ബേബി), കാത്തിരിപ്പ് (നിപിൻ നാരായണൻ), പെണ്ണും പൊറാട്ടും (രാജേഷ് മാധവൻ), ശവപ്പെട്ടി (റിനോഷൻ കെ.), ആദിസ്നേഹത്തിന്റെ വിരുന്നുമേശ (മിനി ഐ.ജി.), ശേഷിപ്പ് (ശ്രീജിത്ത് എസ്. കുമാർ, ഗ്രിറ്റോ വിൻസെന്റ്), അന്യരുടെ ആകാശങ്ങൾ (ശ്രീകുമാർ കെ.), ഒരു അപസർപ്പക കഥ (അരുൺ വർധൻ), മോഹം (ഫാസിൽ റസാഖ്), ചാവു കല്യാണം (വിഷ്ണു ബി. ബീന).