"അമ്മയുടെ ഭരണത്തില്‍ പിടിപ്പുകേട് ഉണ്ടായിട്ടുണ്ട്, അത് മനഃപൂര്‍വം അല്ല, അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണ്"; നടൻ ദേവൻ | AMMA Administration

"പീഡന ആരോപണങ്ങള്‍ മാത്രമല്ല പ്രശ്നം, രണ്ടേകാല്‍ കോടിയോളം ജിഎസ്ടിയും മൂന്നേകാല്‍ കോടിയോളം ആദായ നികുതിയും അമ്മയ്ക്ക് കെട്ടാനുണ്ട്, ഇത് ആര്‍ക്കും അറിയില്ല"
Devan
Published on

മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ദേവന്‍. അമ്മയുടെ ഭരണത്തില്‍ പിടിപ്പുകേട് ഉണ്ടായിട്ടുണ്ടെന്ന് ദേവന്‍ ഒരഭിമുഖത്തിൽ വ്യക്തമാക്കി.

''കുറച്ചു കാലങ്ങളായിട്ട് അമ്മയുമായി ഞാന്‍ വലിയ ബന്ധമില്ലാതെയിരിക്കുകായിരുന്നു. കാരണം മോഹന്‍ലാലൊക്കെയുണ്ട്, നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ്. അപ്പോള്‍ നമ്മള്‍ അതിനകത്ത് കയറേണ്ട ആവശ്യമില്ലായിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റിയൊക്കെ വന്നതിന് പിന്നാലെയാണ് ഞാന്‍ ഇതിലേക്ക് വരുന്നത്.

എന്താണ് ഇതിലെ പ്രശ്‌നങ്ങള്‍, ഒരുപാട് പ്രശ്‌നങ്ങളൊക്കെ പറഞ്ഞ് പരത്തുന്നുണ്ട്. പീഡന ആരോപണങ്ങള്‍ മാത്രമല്ല, ഇതിനകത്തെ പ്രശ്‌നം. അതൊരു പ്രശ്‌നം മാത്രമാണ്. ഇതിനകത്ത് പിടിപ്പുകേട് ഉണ്ടായിട്ടുണ്ട്. അത് മനഃപൂര്‍വം അല്ല, അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണ്. ഒരു സംഘടന എങ്ങനെ നടക്കണം, എങ്ങനെയായിരിക്കണം അതിന്റെ ചട്ടക്കൂടില്‍ നിന്ന് പെരുമാറുക എന്നൊന്നും അറിയില്ല.

അത് മനഃപൂര്‍വം ചെയ്യുന്നതല്ല, അത് അറിവില്ലായ്മയാണ്. അതിനുള്ള സമയമില്ലായ്‌മയും ഉണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ കഴിഞ്ഞ ഒരു മൂന്ന് നാല് വര്‍ഷമായിട്ട് അമ്മയുടെ പേരില്‍ ആദായ നികുതിയും ജിഎസ്ടിയും കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിട്ടുണ്ട്. അതില്‍ എന്റെ അറിവ് ശരിയാണെങ്കില്‍, രണ്ടേകാല്‍ കോടി രൂപയോളം ജിഎസ്ടിയും മൂന്നേകാല്‍ കോടിയോളം ആദായ നികുതിയും കെട്ടാനുണ്ട്. മൂന്ന് വര്‍ഷമായിട്ട് ഇതിന് കാരണം കാണിക്കല്‍ നോട്ടീസ് വന്നിട്ടുണ്ട്. ഇത് ആര്‍ക്കും അറിയില്ല.

തെരഞ്ഞെടുപ്പിന്റെ സമയത്ത് ഞാന്‍ ഇതേക്കുറിച്ച് ജിഎസ്ടിയിലും ആദായ നികുതി വകുപ്പിലും വിളിച്ച് അന്വേഷിച്ചിരുന്നു. നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയവര്‍ക്ക് പോലും കാര്യങ്ങള്‍ അറിയില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പല ഷോകളില്‍ നിന്നും മറ്റുമായി 90 കോടി രൂപയോളം നിങ്ങള്‍ക്ക് വരവ് വന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. അതിന്റെ ജിഎസ്ടിയും നികുതിയും കെട്ടിയിട്ടില്ല. പക്ഷേ അമ്മ ഒരു സോഷ്യല്‍ -ചാരിറ്റി അസോസിയേഷനാണ്. ഞങ്ങളുടെ ഫണ്ടിന്റെ 95 ശതമാനവും അംഗങ്ങളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്.

അമ്മ ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ്. അവര്‍ എന്നോട് ചോദിച്ചത് 'നിങ്ങള്‍ എന്തുകൊണ്ട് 80 ജി എടുത്തില്ല?'എന്തുകൊണ്ട് ജിഎസ്ടിയുടെ രജിസ്‌ട്രേഷന്‍ എടുത്തില്ല?

ഇതാണ് ഞാന്‍ പറഞ്ഞത്, കാര്യങ്ങള്‍ അറിയാത്തതു കൊണ്ടാണ് പിടിപ്പുകേട് ഉണ്ടായതെന്ന്. ഇതൊക്കെ ചെയ്യേണ്ടതല്ലേ. ഒരു സംഘടന കൊണ്ടു നടക്കുമ്പോള്‍ ലീഗലായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള ഉത്തരവാദിത്വം ഇവര്‍ക്കില്ലേ. ഇവരത് ചെയ്തിട്ടില്ല. ഇപ്പോഴും ഞാന്‍ റെഡിയാണ്. അവര്‍ക്ക് എന്തെങ്കിലും ഉപദേശം വേണമെങ്കില്‍ കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്.

എനിക്ക് അങ്ങനെ ഈഗോ പ്രശ്‌നങ്ങളൊന്നുമില്ല. ഒരു ക്ലബ്ബ് പോലെയാണ് അമ്മയെ പരിഗണിച്ചത്. പുതിയ നേതൃത്വത്തിന് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം. അവര്‍ തീര്‍ച്ചയായും ചെയ്യണം. ഞാന്‍ നേതൃത്വ സംഘത്തിന്റെ ഭാഗമല്ല. പക്ഷേ അവര്‍ സഹായം തേടിയാല്‍ ഞാന്‍ സഹായിക്കും.'' - ദേവൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com