
ദിലീപ് ചിത്രം ‘ഭഭബ’ യിൽ നിന്നുള്ള ദൃശ്യങ്ങൾ ചോർന്നെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ എ ഐ നിർമ്മിതമെന്ന് സ്ഥിരീകരിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. 'കസേരയിൽ കെട്ടിയിട്ടിരിക്കുന്ന ദിലീപിനെ രക്ഷിക്കാൻ വരുന്ന മോഹൻലാലിന്റെ എൻട്രി' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്.
നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം’. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കൊറിയോഗ്രാഫർ സാൻഡി എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
മുമ്പ് ദൃശ്യം, പാട്രിയറ്റ് തുടങ്ങിയ ചിത്രങ്ങളിലെ ദൃശ്യങ്ങളും എ ഐ നിർമ്മിതമായി പുറത്തിറങ്ങിയിരുന്നു. സിനിമകൾക്ക് മാത്രമല്ല താരങ്ങൾക്കും എ ഐ വിനയായിരുന്നു, സായി പല്ലവി, പ്രിയങ്ക മോഹൻ, ലിച്ചി തുടങ്ങിയ താരങ്ങളുടെ വൾഗർ ചിത്രങ്ങൾ എ ഐ നിർമ്മിതമായി പുറത്തിറങ്ങിയിരുന്നു. പിന്നാലെ തന്നെ ചിത്രങ്ങൾ എ ഐ നിർമ്മിതമാണെന്നും ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.