തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വന്നിട്ടുള്ളത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ടീസറിന് ശേഷം, ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും ഈ കഥാപാത്രത്തിലേക്കും കൂടുതൽ വെളിച്ചം വീശുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി മികച്ച ശാരീരിക മാറ്റങ്ങൾ വരുത്തിയ നാനിയുടെ ആക്ഷനും, പഞ്ച് ഡയലോഗുകളും ഈ ട്രെയ്‌ലറിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. നേരത്തെ നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിച്ച “കനവായ് നീ വന്നു” എന്ന ഒരു ഗാനവും ചിത്രത്തിൽ നിന്ന് റിലീസ് ചെയ്തിരുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിൻ്റെ സംവിധായകൻ ശൈലേഷ് കോലാനു.