
മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന ഹൃദയപൂര്‍വ്വം. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ആഗസ്റ്റ് 28ന് തീയറ്ററുകളിൽ എത്തും. ഓണം റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പുറത്തുവന്ന ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ എത്തിയിട്ടുണ്ട്.
രസകരമായ ചിരിമുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ട്രെയിലറിൽ സംഗീത് പ്രതാപിനൊപ്പം മോഹൻലാലിനെയാണ് കാണുന്നത്. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ‘ഹൃദയപൂർവം’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ട്രെയിലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. 1.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ സമീപകാലത്ത് ഇതുവരെ കാണാത്ത ഒരു മോഹന്‍ലാലിനെയാണ് കാണാനാകുക.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവികയാണ് നായികയായി എത്തുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ്, സംഗീത് പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയും അതിഥിവേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.