‘തുടരും’ സിനിമയിലെ ‘കഥ തുടരും’ എന്ന ടൈറ്റിൽ സോങ് വീഡിയോ പുറത്ത് | Katha Thudarum

സിനിമയിലെ അച്ഛൻ മകൻ ആത്മബന്ധം ‌തന്നെയാണ് പാട്ടിലൂടെയും പറയാൻ ശ്രമിക്കുന്നത്
Title song
Published on

പ്രേക്ഷക മനസ്സുകളെ പഴയകാല ഓർമകളിലേക്കു കൊണ്ടുപോയ ‘തുടരും’ സിനിമയിലെ ‘കഥ തുടരും’ എന്ന ടൈറ്റിൽ സോങ്ങിന്റെ വിഡിയോ പുറത്ത്. പാട്ടിലെ വരികളിലേതു പോലെതന്നെ മായാതെ നെഞ്ചോടു ചേർക്കുന്ന ഓർമകളിലേക്കുള്ള യാത്രയാണ് ‘കഥ തുടരും’ എന്ന ഗാനം. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ‍ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗോകുൽ ഗോപകുമാറും ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സിനിമയിലെ അച്ഛൻ മകൻ ആത്മബന്ധം ‌തന്നെയാണ് പാട്ടിലൂടെയും പറയാൻ ശ്രമിക്കുന്നത്. അച്ഛൻ മകനോടു സംസാരിക്കുന്നതു പോലെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ‘നീ എനക്ക് ഭൂമി, ഉനക്ക് നാൻ വാനം’ എന്നീ വരികളിലൂടെ പറയാൻ ശ്രമിക്കുന്നതും ആ ആത്മബന്ധത്തിന്റെ കഥയാണ്. ‘ടൈറ്റിൽ സോങ് കണ്ടു കഴിഞ്ഞപ്പോൾ തന്നെ കണ്ണു നിറഞ്ഞു പോയി’ എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത്. അത്ര വൈകാരികമായാണ് ഈ ഗാനത്തെ പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിലെ മോഹൻലാൽ കഥാപാത്രമായ ഷൺമുഖന്റെ പഴയകാല ചിത്രങ്ങളാണ് ഗാനരംഗത്തു കാണിക്കുന്നതെങ്കിലും അത് ഓരോ മലയാളി പ്രേക്ഷകനെയും അവരുടെ മോഹൻലാൽ കലാഘട്ടത്തിലേക്കു കൊണ്ടുപോവുകയായിരുന്നു.

തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്‍റെ കരിയറിലെ 360–ാം ചിത്രമായി തിയറ്ററുകളിലെത്തിയ ‘തുടരും’ ബോക്സ് ഓഫിസിൽ വമ്പൻ കുതിപ്പ് തുടരുകയാണ്. നീണ്ട 15 വർഷത്തിനു ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കെ.ആര്‍.സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍.സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്തണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com