
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ ഗാനം പുറത്തിറക്കി. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയാണ്.
സുരൂർ മുസ്തഫയും ശ്രുതി ശിവദാസും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് രാജേഷ് മുരുകേശനാണ്. ഛായാഗ്രഹകൻ ആനന്ദ് സി ചന്ദ്രൻ ആണ് ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പക്കാ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് .
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിൻ്റെ തിയേറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ചിത്രത്തിൽ നിന്ന് നേരത്തെ പുറത്ത് വന്ന തീം സോങ്, "തേരാ പാരാ ഓടിക്കോ" എന്ന വരികളോടെയുള്ള ഒരു അനിമേഷൻ ഗാനം എന്നിവയും സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ കാരക്റ്റർ പോസ്റ്ററിനും വലിയ ശ്രദ്ധയാണ് ലഭിച്ചത്. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ ഓരോ പ്രമോഷണൽ കണ്ടൻ്റുകളും സൂചിപ്പിക്കുന്നത്. കുട്ടികളെ ഏറെ ആകർഷിക്കുന്ന ദൃശ്യങ്ങൾ ഇതിലെ ഗാനങ്ങളുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. 'സമ്പൂർണ്ണ മൃഗാധിപത്യം' എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.