തനിക്കെതിരായ സംഘപരിവാറിന്റെ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നും വേടൻ. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. എൻഐഎക്ക് നൽകിയ പരാതി വൈകിയെന്നാണ് തോന്നുന്നതെന്നും വേടൻ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും വേടൻ കൂട്ടിച്ചേർത്തു.
കേസുകൾ വന്നത് പരിപാടിയെ ബാധിച്ചിട്ടുണ്ടെന്നും അത് മറികടക്കാൻ ശ്രമിക്കുന്നുണ്ടെന്നും വേടൻ പറഞ്ഞു. കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ വെച്ചാണ് വേടൻ മാധ്യമങ്ങളെ കണ്ടത്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിലാണ് വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ എൻഐഎക്ക് പരാതി നൽകിയത്.