
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപികില്‍ നായകനാകുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദന്‍. അഹമ്മദാബാദില്‍ ജനിച്ചു വളര്‍ന്ന താന്‍, തന്‍റെ മുഖ്യമന്ത്രിയെന്ന നിലയിലാണ് മോദിയെ കുറിച്ച് ആദ്യമായി അറിയുന്നതെന്നും വര്‍ഷങ്ങള്‍ക്കു ശേഷം 2023 ല്‍ നേരിട്ട് കാണാന്‍ സാധിച്ചുവെന്നും ഉണ്ണി ചിത്രത്തിന്‍റെ വിവിധ ഭാഷകളിലുള്ള പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. നടന്‍ എന്ന നിലയില്‍ അങ്ങേയറ്റം സന്തോഷവും പ്രചോദനവും പകരുന്നതാണ് പുതിയ വേഷമെന്നും പകരം വയ്ക്കാനില്ലാത്ത രാഷ്ട്രീയ ജീവിതമാണ് മോദിയുടേതെന്നും കുറിപ്പില്‍ പറയുന്നു.
''അസാധാരണമായിരുന്നു മോദിയുടെ രാഷ്ട്രീയ യാത്ര. എന്നാൽ സിനിമയിൽ രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മോദി എന്ന മനുഷ്യനെയും പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അദ്ദേഹത്തിന്‍റെ ആത്മബന്ധത്തെക്കുറിച്ചുമാണ് ചിത്രീകരിക്കുന്നത്.'' -ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
'മാ വന്ദേ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിലാണ് പ്രഖ്യാപിച്ചത്. സി.എച്ച് ക്രാന്തി കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്നു. പ്രശസ്തനായ ഛായാഗ്രാഹകൻ കെ.കെ. സെന്തിൽ കുമാർ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവായ എഡിറ്റർ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കും. കിംഗ് സോളമൻ ആക്ഷൻ കൊറിയോഗ്രാഫിയും രവി ബസ്രൂർ സംഗീതവും നൽകും.