
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചികിത്സയും വിശ്രമവും കഴിഞ്ഞ് പൂർണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തുന്നു എന്ന സന്തോഷ വാർത്തയാണ് മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജും അടുത്ത സുഹൃത്തായ നിർമാതാവ് ആന്റോ ജോസഫും ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
"സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി!," -എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കിട്ട് ജോർജ് കുറിച്ചത്.
"ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി," -എന്ന് ആന്റോ ജോസഫ് കുറിച്ചു.
ചികിത്സാർത്ഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ഏഴു മാസത്തോളമായി ചെന്നൈയിൽ വിശ്രമത്തിലായിരുന്നു മമ്മൂട്ടി. താരം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മമ്മൂട്ടി സെപ്റ്റംബറിൽ മഹേഷ് നാരായണന്റെ സിനിമയിൽ ജോയിൻ ചെയ്യുമെന്നും മമ്മൂട്ടിയുടെ അടുത്ത അറിയിച്ചു.
വിശ്രമജീവിതത്തിലായിരുന്ന മമ്മൂക്കയെ ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകരും.