

ഷറഫുദ്ദീൻ നായകനായെത്തിയ ചിത്രം 'ദി പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്. ഒക്ടോബർ രണ്ടാം വാരം തിയറ്ററിൽ എത്തിയ ചിത്രമാണ് ഇനി ഒടിടി റിലീസിനായി ഒരുങ്ങുന്നത്. റിലീസായി ഒരു മാസം പിന്നിട്ടതിന് ശേഷമാണ് ഒടിടി അവകാശം വിറ്റു പോയത്. ഈ മാസം തന്നെ ദി പെറ്റ് ഡിറ്റക്ടീവ് ഒടിടിയിൽ എത്താനാണ് സാധ്യത.
സീ ഗ്രൂപ്പിൻ്റെ സീ5 ആണ് ദി പെറ്റ് ഡിറ്റക്ടീവിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സീ ഗ്രൂപ്പിൻ്റെ സീ കേരളം തന്നെയാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രത്തിൻ്റെ ട്രെയിലർ ഇതിനോടകം സീ5ൽ പ്രദർശനം ചെയ്ത് തുടങ്ങിട്ടുണ്ട്. അതേസമയം, ഒടിടി സംപ്രേഷണം ചെയ്യുന്ന തീയതി സ്ട്രീമിങ് പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ അറിയിച്ചിട്ടില്ല.
ശ്രീ ഗോകുലം മൂവീസിൻ്റെയും ഷറഫുദ്ദീൻ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഗോകുലം ഗോപാലനും ഷറഫുദ്ദീനും ചേർന്നാണ് ദി പെറ്റ് ഡിറ്റക്ടീവ് നിർമിച്ചിരിക്കുന്നത്. നവാഗതനായ പ്രണീഷ് വിജയനാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദ്ദീന് പുറമെ അനുപമ പരമേശ്വരൻ, വിനായകൻ, വിനയ് ഫോർട്ട്, മാലാ പാർവതി, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രാജേഷ് മുരഗേഷനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ആദ്രി ജോയും ശബരീഷ് വർമയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. അഭിനവ് സുന്ദർ നായക്കാണ് ചിത്രത്തിൻ്റെ എഡിറ്റർ.