"ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട ഒരേയൊരു സിനിമ ‘കൺമണി’, നീന്തൽ വസ്ത്രം ധരിച്ച് അഭിനയിക്കാൻ സംവിധായകൻ നിർബന്ധിച്ചു" ; ദുരനുഭവം തുറന്നു പറഞ്ഞ് നടി മോഹിനി | Kanmani

ആ സിനിമയിലെ വേഷം മനോഹരവും വെല്ലുവിളി നിറഞ്ഞതുമായിട്ടും അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല
Mohini
Published on

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്തെ നിത്യസാന്നിധ്യമായിരുന്നു നടി മോഹിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഇന്ത്യൻ സിനിമയിലെ ഒട്ടേറെ മുൻനിര താരങ്ങൾക്കൊപ്പം മോഹിനി അഭിനയിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സിനിമയിൽ ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ നിർബന്ധിതയായതിന്റെ ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് മോഹിനി.

സംവിധായകൻ ആർ കെ സെൽവമണിയുടെ 1994-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘കൺമണി’യിലാണ് താരത്തിന് ദുരനുഭവമുണ്ടായത്. ചിത്രത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാനും നീന്തൽ വസ്ത്രം ധരിച്ച് അഭിനയിക്കാനും തന്നെ നിർബന്ധിച്ചതായിയാണ് മോഹിനി പറയുന്നത്. ‘അവൾ വികടൻ’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ നിർമാണം മുടങ്ങാതിരിക്കാൻ ഒടുവിൽ മനസില്ലാ മനസോടെ വഴങ്ങിയെന്നും മോഹിനി പറഞ്ഞു.

"സംവിധായകൻ ആർ കെ സെൽവമണിയാണ് ഈ നീന്തൽ വസ്ത്രം ധരിച്ചുള്ള രംഗം ആസൂത്രണം ചെയ്തത്. എനിക്ക് വളരെ അസ്വസ്ഥത തോന്നി. അത് ചെയ്യാൻ സമ്മതമല്ലെന്ന് അറിയിച്ചു, കരഞ്ഞു. അന്ന് ഷൂട്ടിങ് പകുതി ദിവസത്തേക്ക് നിർത്തിവച്ചു. എനിക്ക് നീന്താൻ പോലും അറിയില്ലെന്ന് ഞാൻ വിശദീകരിച്ചു. പുരുഷ പരിശീലകരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാൻ എങ്ങനെ നീന്തൽ പഠിക്കും. അക്കാലത്ത് സ്ത്രീ പരിശീലകർ ഉണ്ടായിരുന്നില്ല. അതിനാൽ എനിക്ക് അത് ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല. ‘ഉടൽ തഴുവ’ എന്ന ഗാനത്തിന് വേണ്ടി ആ രംഗം ചെയ്യാൻ ഞാൻ നിർബന്ധിത ആവുകയായിരുന്നു.

ഒരു ദിവസത്തിന്റെ പകുതി ഞാൻ ജോലി ചെയ്തു. അവർ ചോദിച്ചത് കൊടുത്തു. പിന്നീട്, ഇതേ രംഗം ഊട്ടിയിൽ ചിത്രീകരിക്കണമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ നിരസിച്ചു. അതില്ലാതെ ഷൂട്ട് തുടരില്ലെന്ന് അവർ പറഞ്ഞു. അത് നിങ്ങളുടെ പ്രശ്നമാണെന്ന് ഞാൻ പറഞ്ഞു. മുൻപ് എന്നെ നിർബന്ധിച്ച അതേ രീതിയിലായിരുന്നു അവർ പിന്നെയും സമീപിച്ചത്."

സമ്മതമില്ലാതെ താൻ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട ഒരേയൊരു സിനിമ ‘കൺമണി’ ആയിരുന്നു എന്ന് താരം പറഞ്ഞു. ആ സിനിമയിലെ വേഷം മനോഹരവും വെല്ലുവിളി നിറഞ്ഞതുമായിട്ടും അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്നും മോഹിനി പറഞ്ഞു. ‌

മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ എല്ലാ നടന്മാരോടൊപ്പവും മോഹിനി അഭിനയിച്ചിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം ‘കലക്ടറി’ലാണ് മോഹിനി അവസാനമായി അഭിനയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com