കാന്താര 2–ൽ അടുത്ത മരണം, മരിച്ചത് പ്രധാന നടൻ രാകേഷ് പൂജാരി | Kantara 2

ഇതോടെ സിനിമയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമാകുന്നു
Rakesh Puraji
Published on

കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരിയുടെ മരണം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ 33 കാരനായ രാകേഷിനു ഹൃദയാഘാതം ഉണ്ടായി. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കന്നഡ ടെലിവിഷൻ രംഗത്തെ മുൻനിര താരങ്ങളിലൊരാളായ രാകേഷ് ജൂപാരി, കോമഡി റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു. രാകേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ ടെലിവിഷൻ–സിനിമാ താരങ്ങൾ.

ഇതോടെ സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമായി അവശേഷിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് ഇതേ സിനിമയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് 6നാണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തെയ്യം കലാകാരനായ കപിൽ നിരവധി ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കപിലിന്റെ മരണത്തോടനുബന്ധിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

കാന്താര ചാപ്റ്റർ 2 ന്റെ ചിത്രീകരണത്തിന് ഇതിനു മുമ്പും നിരവധി തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. നവംബറിൽ, മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ടിരുന്നു. ബസ് മറിഞ്ഞ്, ചിലർക്ക് പരുക്കേറ്റെങ്കിലും ഗുരുതരമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സംഭവത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം നിർത്തിവച്ചു.

പിന്നീട് മോശം കാലാവസ്ഥ കാരണം സിനിമയ്ക്കായി നിർമിച്ച വലുതും ചെലവേറിയതുമായ ഒരു സെറ്റ് തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശക്തമായ കാറ്റും അപ്രതീക്ഷിത മഴയും നാശം വിതച്ചു. ഇതോടെ ചിത്രത്തിന്റെ നിർമാണത്തിൽ കൂടുതൽ കാലതാമസത്തിന് ഇടയാക്കി.

ജനുവരിയിൽ, കാന്താര ചാപ്റ്റർ 2 ന്റെ ചിത്രീകരണ സംഘവും പ്രാദേശിക ഗ്രാമവാസികളും തമ്മിൽ ഗുരുതരമായ തർക്കം ഉണ്ടായി. അനുമതിയില്ലാതെ കാട്ടിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് ഗ്രാമവാസികൾ സംഘത്തെ നേരിട്ടു. ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിച്ചു. വന്യജീവികളെയും പരിസ്ഥിതിയെയും സംഘം ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് ആശങ്ക ഉണ്ടായതിനാൽ വനം വകുപ്പ് കേസെടുത്തു.

അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ 2നാണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com