തെലുങ്ക് സൂപ്പർ സ്റ്റാർ രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ യുടെ പുതിയ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. ഹൈദരാബാദിൽ ഒരുക്കിയ ഒരു ഗ്രാമത്തിൻ്റെ സെറ്റിലാണ് ചിത്രത്തിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഷെഡ്യൂൾ ആരംഭിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ 2026 മാർച്ച് 27നായിരിക്കും. ജാൻവി കപൂർ നായികയായി എത്തുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. രാം ചരൺ, ജാൻവി എന്നിവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
ഏകദേശം 30 ശതമാനത്തോളം ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ശ്രീരാമ നവമി ആഘോഷങ്ങളോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഫസ്റ്റ് ഷോട്ട് ഗ്ലീമ്പ്സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അവിനാഷ് കൊല്ലയുടെ നേതൃത്വത്തിൽ ഒരുക്കിയ ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരു ഗംഭീര ആക്ഷൻ രംഗം ഉൾപ്പെടെയുള്ള ഭാഗമാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. പരുക്കൻ ലുക്കിൽ ഉഗ്ര രൂപത്തിലാണ് രാം ചരണിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി വലിയ ശാരീരിക പരിവർത്തനം നടത്തിയിരുന്നു രാം ചരൺ.
'ഉപ്പെന്ന' എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ബുചി ബാബു സന, വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.