
കാന്താര ചാപ്റ്റർ 1 സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആദ്യം ദിനം ഇന്ത്യയിൽ നിന്ന് മാത്രം സിനിമ 60 കോടി നേടിയതായാണ് റിപ്പോർട്ട്. നെറ്റ് കളക്ഷനാണ് ഇത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 6 കോടിയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെയെങ്കിലും സിനിമ ബോക്സ് ഓഫീസിൽ നിന്നും 1000 കോടി അടിച്ചെടുക്കുമെന്നും അണിയറപ്രവർത്തകർ അഭിപ്രായപ്പെടുന്നു.
ഇന്നലെ തിയേറ്ററിലെത്തി ആദ്യ ഷോകൾ കഴിഞ്ഞതോടെ പോസറ്റീവ് റിവ്യൂ ആണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇത് സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങിനെയും സഹായിച്ചിട്ടുണ്ട്. ചിത്രത്തിലെ നടൻ ജയറാമിന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ കെ ജി എഫിന്റെ റെക്കോർഡിനെ കാന്താര മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1. ഇന്നലെയായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു.
ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭ് ഷെട്ടിക്ക് ലഭിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.