
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിൻ നിഗം നായകനാകുന്ന ചിത്രം ‘ഹാലി’ലെ ‘കല്യാണ ഹാൽ…’ എന്ന പ്രണയഗാനം റിലീസ് ചെയ്തു. നന്ദഗോപൻ വി ഈണം നൽകി, ബിൻസ് രചിച്ച്, ഷെയിൻ നിഗം തന്നെ ആലപിച്ച ഗാനമാണിത്. സെപ്റ്റംബർ 12-നാണ് സിനിമയുടെ ആഗോള റിലീസ്. ഷെയിൻ നിഗത്തിന്റെ കരിയറിലെ വലിയ ബജറ്റ് ചിത്രങ്ങളിലൊന്നായ ‘ഹാലി’ൽ സാക്ഷി വൈദ്യയാണ് നായിക.
ബോളിവുഡ് ഗായകൻ അങ്കിത് തിവാരി ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 90 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. നിഷാദ് കോയയാണ് തിരക്കഥ. ‘തിങ്ക് മ്യൂസിക്കാണ് മ്യൂസിക് പാർട്ണർ.
മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കളർഫുൾ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് പ്രതീക്ഷ. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.