

ബോളിവുഡ് സിനിമകൾ ഇന്ത്യൻ സിനിമയെഭരിച്ചിരുന്ന കാലം അവസാനിച്ചിട്ട് നാളുകളായി. ഇന്ന്, ദക്ഷിണേന്ത്യയിൽ നിന്നുള്ള അഭിനേതാക്കൾ ഇന്ത്യൻ സിനിമയുടെ മുഖമായി മാറുകയാണ്. അതിന്റെ മാറ്റം ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ജനപ്രിയ നടന്മാരുടെ ഏറ്റവും പുതിയ പട്ടികയിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
ആർ.ആർ.ആർ, ബാഹുബലി, പുഷ്പ, കെ.ജി.എഫ് തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെ ദക്ഷിണേന്ത്യൻ സിനിമ ആഗോള നിലവാരത്തിലേക്കെത്തിയിട്ടുണ്ട്.
2025 ഒക്ടോബറിലെ 'ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പുരുഷ നടന്മാര്‍' എന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ആരാധക ഹൃദയങ്ങളിൽ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ പൂർണമായും ആധിപത്യം പുലർത്തുകയാണ്. ആദ്യ പത്തിൽ രണ്ട് ബോളിവുഡ് താരങ്ങൾ മാത്രമാണ് സ്ഥാനം പിടിച്ചത്. ആദ്യ മൂന്ന് സ്ഥാനത്ത് ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളായ പ്രഭാസ്, വിജയ്, അല്ലു അർജുൻ എന്നിവരാണ്.
പതിറ്റാണ്ടുകളായി സമാനതകളില്ലാത്ത ആധിപത്യം നിലനിർത്തിയിരുന്ന ഷാരൂഖ് ഖാൻ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഷാരൂഖ് ഖാന് പുറമേ സൽമാൻ ഖാൻ മാത്രമാണ് ആദ്യ പത്തിൽ എത്തിയ ബോളിവുഡ് നടൻ. ഇത് പ്രേക്ഷകരുടെ മുൻഗണനകളിലെ മാറ്റത്തെ വ്യക്തമാക്കുന്നു. സൽമാൻ ഖാൻ പത്താം സ്ഥാനത്താണ് ഉള്ളത്.
ജനപ്രിയ നടന്മാർ (ഒക്ടോബർ 2025)
പ്രഭാസ്, ദളപതി വിജയ്, അല്ലു അർജുൻ, ഷാരൂഖ് ഖാൻ, അജിത് കുമാർ, ജൂനിയർ എൻ.ടി.ആർ, മഹേഷ് ബാബു, രാം ചരൺ, പവൻ കല്യാൺ, സൽമാൻ ഖാൻ.