
മുല്ലപ്പൂ കൈവശം വെച്ചതിന് ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളം പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. ബാഗിൽ ഒളിപ്പിച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്, തലയിലായിരുന്നു വെച്ചിരുന്നതെന്ന് നവ്യ പറഞ്ഞു. സംഭവത്തിൽ പിഴ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു ഓസ്‌ട്രേലിയൻ അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റിന് മെയിൽ അയച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
ബാഗിൽ ഒളിപ്പിച്ചു വച്ചല്ല, മുല്ലപ്പൂ തലയിൽ വെച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ യാത്രയ്ക്ക് മുമ്പ് അത് ചെയ്യാൻ താൻ വിട്ടുപോയെന്നും നവ്യ നായർ പറയുന്നു. ചെടികളുടെ ഭാഗങ്ങളും പുക്കളുമൊക്കെ ഇതിൽ ഉണ്ടെന്നാണ് അവർ പറഞ്ഞത്. യാത്രയുടെ തുടക്കത്തിൽ പൂക്കൾ തന്റെ ബാഗിലായിരുന്നു. അതുകൊണ്ട് സ്നിഫർ ഡോഗ്‌സ് അത് മണത്തു കണ്ടുപിടിച്ചുവെന്നും നവ്യ പറഞ്ഞു. പണം അടയ്ക്കാൻ 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
"കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് ഓസ്ട്രേലിയൻ അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റിന് ഒരു മെയിൽ അയയ്ക്കാമെന്ന് അവർ പറഞ്ഞത് പ്രകാരം, അന്ന് രാത്രി തന്നെ അവർക്ക് മെയിൽ അയച്ചിരുന്നു. മറുപടിക്കായി കാത്തിരിക്കുകയാണ്. സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെങ്കിൽ, തന്നിൽ നിന്ന് 1980 ഓസ്ട്രേലിയൻ ഡോളറാണ് (1.14 ലക്ഷം രൂപ) ഈടാക്കിയത്. അതിൽ ആറ് യൂണിറ്റ് എന്ന് പരാമർശിച്ചിരിക്കുന്നത് എന്താണെന്ന് പോലും എനിക്ക് അറിയില്ല." - എന്നും നവ്യ നായർ പറഞ്ഞു.
"ഇതൊരു രാജ്യത്തിൻറെ നിയമമാണ്. അതിനാൽ അത് അനുസരിക്കുക എന്നല്ലാതെ തനിക്ക് മറ്റ് വഴികൾ ഒന്നുമില്ല. മനഃപൂർവമല്ലെന്ന് പറഞ്ഞ് താൻ അവരോട് അഭ്യർത്ഥിച്ചു. മാനുഷിക പരിഗണനയിൽ അവർക്ക് വേണമെങ്കിൽ ആ പൂക്കൾ എടുത്തവിടെ വയ്ക്കാമായിരുന്നു. തനിക്ക് മറ്റ് ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ടുതന്നെ അവർക്ക് തന്നെ വെറുതെ വിട്ടയയ്ക്കാമായിരുന്നു. എന്നാൽ, അത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കുന്നതിനാൽ തനിക്ക് അതിൽ അഭിപ്രായം പറയാൻ കഴിയില്ല." - നവ്യ നായർ കൂട്ടിച്ചേർത്തു.