
തിയേറ്ററുകളിൽ പൊട്ടിച്ചിരിയും കയ്യടികളും നേടി 'സാഹസം' സിനിമക്കൊപ്പം വീണ്ടും ഹിറ്റായി വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഗാനം. 1999ൽ റിലീസായ 'ഇൻഡിപെൻഡൻസ്' എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ 'ഒരു മുത്തം തേടി' എന്ന ഗാനമാണ് വീണ്ടും തരംഗമാകുന്നത്. എം ജി ശ്രീകുമാർ, സുജാത, മനോ എന്നിവർ ചേർന്ന് പാടിയ പാട്ട് ആ വർഷത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു.
ഇപ്പോൾ, 26 വർഷങ്ങൾക്ക് ശേഷം, ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'സാഹസം' എന്ന ചിത്രത്തിലാണ് ഗാനം വീണ്ടും റീമിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആൻ്റണി, നരേയ്ൻ, ഗൗരി കിഷൻ, റംസാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കോമഡി എൻ്റർടെയ്ൻമെൻ്റ് ആയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയിൽ പാട്ട് ഉപയോഗിച്ചിരിക്കുന്ന ഇടവും സന്ദർഭവും തിയേറ്ററുകളിൽ പൊട്ടിച്ചിരിയും കയ്യടികളും തീർക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തുന്നു.
ബിബിൻ അശോകാണ് പുതിയ വേർഷൻ്റെ മ്യൂസിക് ഡയറക്ടർ. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേർഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.