തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിക്ക് നാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം പൂജപ്പുര മുടവൻമുകളിലെ 'ഹിൽവ്യൂ' വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. പത്ത് വർഷത്തോളമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അവർ ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.(The funeral of actor Mohanlal's mother will be held this evening, CM pays last respects)
മോഹൻലാലിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട അമ്മയായിരുന്നു ശാന്തകുമാരി. സിനിമാ മോഹവുമായി നടന്ന ലാലിന്റെ സുഹൃത്തുക്കൾക്കെല്ലാം ഭക്ഷണവും വാത്സല്യവും നൽകി പ്രോത്സാഹിപ്പിച്ച അമ്മയുടെ ഓർമ്മകൾ നിർമ്മാതാവ് സുരേഷ് കുമാർ, ഛായാഗ്രാഹകൻ എസ്. കുമാർ, സംവിധായകൻ സുരേഷ് ബാബു തുടങ്ങിയവർ പങ്കുവെച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി മോഹൻലാലിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്തു. കൂടാതെ മന്ത്രിമാർ, എം.എൽ.എമാർ, സിനിമ-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ മുടവൻമുകളിലെ വീട്ടിലേക്ക് ഒഴുകിയെത്തി. പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് മുടവൻമുകളിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.