
ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ സിനിമയാണ് അമരന്‍. മേജര്‍ മുകുന്ദ് വരദരാജായി ശിവകാര്‍ത്തികേയന്‍ എത്തുമ്പോള്‍ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി വരുന്നത് സായി പല്ലവിയാണ്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് അമരന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മിന്നലേ എന്ന ഗാനം റിലീസ് ചെയ്തു. കാര്‍ത്തിക്ക് നേഹയുടെ വരികള്‍ക്ക് ജി.വി. പ്രകാശ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരിചരനും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം ചലച്ചിത്രമാക്കുന്ന അമരന്‍ ഒക്ടോബര്‍ 31-ന് തീയേറ്ററുകളില്‍ എത്തും. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിൽ ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മരണാനന്തരം അശോക ചക്രം നല്‍കി ആദരിക്കപ്പെട്ട മുകുന്ദ്, തമിഴ്‌നാട്ടില്‍നിന്ന് അശോക ചക്രം കിട്ടുന്ന നാലാമത്തെ വ്യക്തിയാണ്. മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് മലയാളിയാണ്.