
കാരണം വ്യക്തമാക്കാതെയാണ് സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതെന്ന് 'ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള' യുടെ സംവിധായകൻ പ്രവീൺ നാരായണൻ. വാക്കാൽ മാത്രമാണ് സിനിമയുടെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുള്ളത്. മുംബൈയിൽ നിന്നാണ് ഇക്കാര്യത്തിൽ ഒരു തടസ്സം നേരിടുന്നത്. സിനിമ കാണാതെയാണോ ബോർഡ് ഇങ്ങനെ ഒരു നിലപാട് എടുത്തതെന്ന കാര്യത്തിലും സംശയമുണ്ട്.
സിനിമയിലെ പ്രധാന കഥാപാത്രമായ സുരേഷ് ഗോപി ഇടപെടൽ നടത്തുന്നുണ്ടെന്നും റിവ്യൂ കമ്മിറ്റിയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രവീൺ നാരായണൻ പറഞ്ഞു.
'ജാനകി' എന്ന പേര് സിനിമയിൽ നിന്നും മാറ്റണമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടത്. ജാനകി എന്നത് രാമായണത്തിലെ സീതയുടെ പേരാണെന്നും പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദ്ദേശമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്നും അദ്ദേഹം അറിയിച്ചു.