എമ്പുരാൻ, തുടരും എന്നീ സിനിമകൾക്ക് വിദേശ രാജ്യങ്ങളിൽ വൻ സ്വീകാര്യത | Malayalam Cinema

ഇന്ത്യയ്ക്കു പുറത്ത് മുന്നൂറിലേറെ സ്ക്രീനുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കുന്നുണ്ട്
Movies
Published on

മലയാള സിനിമകൾക്ക് വിദേശ രാജ്യങ്ങളിൽ വൻ സ്വീകാര്യത. കാനഡയിലും മറ്റും മലയാള സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം കുത്തനെ കൂടി. സൗദി അറേബ്യയിൽ കൂടുതൽ തിയറ്ററുകൾ തുറന്ന് ഗൾഫ് മാർക്കറ്റ് വിപുലമായതും ഹിറ്റ് ചിത്രങ്ങൾക്ക് കലക്‌ഷൻ കൂടാൻ കാരണമായി. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾ 100 കോടി ഗ്രോസ് കലക്‌ഷനിലെത്തിയപ്പോൾ 40 കോടിയോളമാണ് വിദേശത്തു നിന്നു മാത്രം ലഭിച്ചത്. ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് 2000 രൂപ വരെ ലഭിച്ച യൂറോപ്പിലെ തിയറ്ററുകളുമുണ്ട്. കേരളത്തിൽ ഒരു ടിക്കറ്റിന് ശരാശരി 200 രൂപ ലഭിക്കുമ്പോൾ 35 ദിർഹമാണ് (ഏകദേശം 800 രൂപ) യുഎഇയിലെ ടിക്കറ്റ് നിരക്ക്.

‘‘പ്രേക്ഷകരുടെ കണക്കെടുത്താൽ കേരളത്തിൽ തിയറ്ററിലെത്തുന്നവരുടെ മൂന്നിലൊന്നു മാത്രമേ വിദേശത്തു വരുന്നുള്ളൂ. എന്നാൽ കറൻസിയുടെ വിനിമയ നിരക്കു വച്ച് നോക്കുമ്പോൾ ഹിറ്റ് ചിത്രങ്ങൾക്ക് നേട്ടമുണ്ടാകുന്നുണ്ട്. 5 കോടിയിലേറെയാണ് അമേരിക്കയി‍ൽ മാത്രം ലഭിക്കുന്ന കലക്‌ഷൻ ’’–തുടരും സിനിമയുടെ നിർമാതാവ് എം.രഞ്ജിത് ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ വലിയ സിനിമ തിയറ്റർ ശൃംഖലയായ റീഗൽ സിനിമാസിന് 420 തിയറ്ററുകളിലായി 5720 സ്ക്രീനുകളുണ്ട്. ഇവിടെ എമ്പുരാനും തുടരവും പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കു പുറത്ത് മുന്നൂറിലേറെ സ്ക്രീനുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. ജർമനിയിൽ 40ൽ ഏറെ തിയറ്ററുകളിലും ഹോളണ്ടിൽ ഇരുപതോളം തിയറ്ററുകളിലും മലയാള സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. സ്ക്രീനിങ് ഡിജിറ്റിലായതോടെയാണ് സിനിമയ്ക്ക് വാണിജ്യപരമായി ഗുണം ചെയ്ത ഈ മാറ്റമുണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com