
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് സ്വീകരണം നൽകി ‘ദൃശ്യം’ സിനിമയുടെ അണിയറ പ്രവർത്തകർ. ദൃശ്യം മൂന്നിന്റെ സെറ്റിൽ വച്ച് കേക്ക് മുറിച്ചായിരുന്നു മോഹൻലാലിന് അഭിനന്ദനങ്ങൾ നേർന്നത്.
ആഘോഷത്തിന്റെ ചിത്രങ്ങൾ നടി മീന തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ദൃശ്യ’ത്തിലെ കഥാപാത്രമായ ജോർജുകുട്ടിയുടെ ലുക്കിലാണ് മോഹൻലാലിനെ കാണാൻ പറ്റുന്നത്. അൻസിബ ഹസ്സൻ, എസ്തർ, ഇർഷാദ്, ജീത്തു ജോസഫ്, സിദ്ധു പനയ്ക്കൽ എന്നിവരെയും ചിത്രത്തിൽ കാണാം.
"ലാലേട്ടനെ ഒരു സഹതാരമെന്ന് വിളിക്കുന്നത് ബഹുമതിയാണ്, എന്നാൽ അദ്ദേഹത്തെ ഒരു സുഹൃത്തെന്ന് വിളിക്കുന്നത് അനുഗ്രഹവും. അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിഭയും ഓരോ കഥാപാത്രങ്ങളിലും ശോഭിക്കുന്നു. സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ, നിങ്ങളെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷയിലാണ്." എന്ന് കുറിച്ചുകൊണ്ടായിരുന്നു മീന ചിത്രങ്ങൾ പങ്കുവച്ചത്.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു എറണാകുളം പൂത്തോട്ട എസ്.എൻ. ലോ കോളേജിൽ വച്ച് ചിത്രത്തിന്റെ പൂജ നടന്നത്. സിനിമയുടെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ലെന്നും സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.