
ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങിയ ചിത്രമാണ് 'മഹാവതാര്‍ നരസിംഹ'. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തിയറ്ററുകളില്‍ എത്തിയ പ്രേക്ഷകര്‍ക്ക് ചിത്രം സമ്മാനിച്ചത് ഭക്തിസാന്ദ്രമായ അനുഭവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ കാണാനായി ചെരുപ്പഴിച്ച് വച്ചവരുടെയും ഇന്‍റര്‍വെല്‍ സമയത്ത് ഭജന നടത്തിയവരുടേയും വാര്‍ത്തകള്‍ പുറത്തുവന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രം റിലീസ് ചെയ്ത് എട്ട് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേയ്ക്കും ത്രീഡിയിലും ടുഡിയിലും ഒരുങ്ങിയ ഈ അനിമേഷന്‍ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് ഹിന്ദിയില്‍ നിന്നാണ്. 38.12 കോടി രൂപയാണ് ഇതുവരെ മഹാവതാര്‍ നരസിംഹ ഹിന്ദിയില്‍ മാത്രം നേടിയത്. തെലുങ്ക് 12.67 കോടി, കന്നഡ 1.16 കോടി എന്നിങ്ങനെയാണ് ബാക്കി കളക്ഷന്‍. തമിഴ് 51 ലക്ഷം നേടിയപ്പോള്‍ മലയാളത്തില്‍ നിന്നും സിനിമ നേടിയത് 16 ലക്ഷം രൂപയാണ്. ആകെ ഇന്ത്യനെറ്റ് 52.62 കോടി രൂപയാണ്.
അശ്വിന്‍ കുമാര്‍ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ക്ലീം പ്രൊഡക്ഷന്‍സും കന്നഡയിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.