തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിന്റെ പെരുമയുമായി നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) ഇന്ന് കൊടിയിറങ്ങുന്നു. മുപ്പതാം എഡിഷനിൽ അസാധാരണമായ സെൻസർ വിലക്കുകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കീഴടങ്ങലുകൾക്കും സാക്ഷ്യം വഹിച്ചാണ് മേള സമാപിക്കുന്നത്. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് വിവിധ തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്.(The 30th IFFK concludes today, CM as the chief guest)
ഐ.എഫ്.എഫ്.കെയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രതിസന്ധികളാണ് ഇത്തവണ ഉണ്ടായത്. 'ബാറ്റിൽഷിപ്പ് പോട്ടംകിൻ' അടക്കം 19 സിനിമകൾക്ക് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം സെൻസർ ഇളവ് നിഷേധിച്ചതോടെയാണ് മേള വിവാദത്തിലായത്. ലോകസിനിമയിലെ ക്ലാസിക്കുകൾക്ക് പോലും വിലക്ക് വന്നത് സിനിമാപ്രേമികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി.
വിലക്ക് മറികടന്ന് സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ആദ്യം നിലപാടെടുത്തെങ്കിലും, കേന്ദ്രം കർശന നിലപാട് തുടർന്നതോടെ സംസ്ഥാന സർക്കാരും അക്കാദമിയും പിൻവാങ്ങി. ഒടുവിൽ ആറ് സിനിമകൾ ഒഴിവാക്കി മറ്റു ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിച്ചു. കേന്ദ്ര നിലപാടിന് മുന്നിൽ കേരളത്തിന് കീഴടങ്ങേണ്ടി വന്നു എന്ന വിമർശനം ഇതോടെ ശക്തമായി
വിവാദങ്ങൾക്കിടെ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ചർച്ചയായി. സെൻസർ ഇളവിനായി അപേക്ഷ നൽകുന്നതിൽ അക്കാദമി വരുത്തിയ വീഴ്ച മറയ്ക്കാനാണ് അധികൃതർ വൈകാരികമായ പ്രതികരണങ്ങൾ നടത്തുന്നതെന്ന് മേളയുടെ മുൻ ആർട്ടിസ്റ്റിക് ഡയറക്ടർ തന്നെ വിമർശിച്ചു. മേളയുടെ ഏറിയ പങ്കും ചെയർമാൻ റസൂൽ പൂക്കുട്ടി സ്ഥലത്തില്ലാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.
ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും. മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. വിവാദങ്ങൾക്കിടയിലും മികച്ച സിനിമാനുഭവം തേടിയെത്തിയ പതിനായിരക്കണക്കിന് ചലച്ചിത്ര പ്രേമികൾക്ക് ഈ മേള എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നായിരിക്കും.