
ലോക സിനിമയെപ്പറ്റിയുള്ള തൻ്റെ പ്രസ്താവനകൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ. ലോകയെപ്പറ്റി താൻ അങ്ങനെയല്ല പറഞ്ഞതെന്നും മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും റിമ പറഞ്ഞു. വിവിധ മാധ്യമങ്ങളുടെ വാർത്തകളും വിജയ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ റിമയുടെ പ്രതികരണം.
ലോക പോലുള്ള സിനിമകൾ വരാൻ കാരണം തങ്ങൾ ഉണ്ടാക്കിയ ഇടമാണെന്ന് റിമ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലോകയുടെ വിജയത്തിൽ എല്ലാ ക്രെഡിറ്റും പോകുന്നത് സിനിമ നിർമ്മിച്ച ദുൽഖർ ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർക്കാണ്. ലിംഗവ്യത്യാസമില്ലാതെ പ്രേക്ഷകർ എപ്പോഴും നല്ല സിനിമകളെ സ്വീകരിക്കും. സിനിമാമേഖലയിലാണ് വിവേചനമുള്ളത്. പ്രേക്ഷകർ നൽകുന്നത് ഒരേ ടിക്കറ്റ് ചാർജാണെങ്കിലും സ്ത്രീ കേന്ദ്രകഥാപാത്രമായ സിനിമകൾക്ക് ബജറ്റ് കുറവാണെന്നും റിമ പറഞ്ഞു.
എന്നാൽ, ലോകയുടെ വിജയത്തിന് ഇടമൊരുക്കിയത് തങ്ങളാണെന്ന് റിമ പറഞ്ഞു എന്നായിരുന്നു മാധ്യമങ്ങളുടെ റിപ്പോർട്ട്. റിമയുടെ പ്രസ്താവനയ്ക്കെതിരായ വിജയ് ബാബു ഫേസ്ബുക്കിൽ കുറിപ്പിട്ടത് വിവാദങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു. ഇതിനെതിരെയാണ് ഇപ്പോൾ റിമയുടെ പ്രതികരണം.
മലയാള സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകളൊക്കെ മറികടന്നാണ് ലോക കുതിയ്ക്കുന്നത്. ലോകവ്യാപകമായി 300 കോടി രൂപ നേടിയ ലോക കേരളത്തിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമയെന്ന കണക്കിൽ മോഹൻലാൽ സിനിമയായ തുടരുമിനെ മറികടന്നിരുന്നു. ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമയും ലോക തന്നെയാണ്. മറ്റ് റെക്കോർഡുകളൊക്കെ നേടിയെങ്കിലും കേരള ബോക്സോഫീസിലെ റെക്കോർഡ് മറികടക്കാൻ ലോകയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ലോക തുടരുമിനെ മറികടന്നത്. ഇന്ത്യൻ മാർക്കറ്റിൽ നിന്ന് 154 കോടിയും കേരള ബോക്സോഫീസിൽ നിന്ന് 119 കോടിയും ലോക നേടിയിട്ടുണ്ട്. ലോകയുടെ 40 ദിവസമായി തുടരുന്ന കുതിപ്പ് ഇനിയും അവസാനിച്ചിട്ടില്ല.