
ജി. അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിശബ്ദ ചിത്രമാണ് 'ഉഫ്ഫ് യേ സിയാപാ'. സെപ്റ്റംബർ 5 ന് തിയറ്ററുകളിൽ എത്തുന്ന ഈ കോമഡി സൈലന്റ് ചിത്രത്തിൽ സോഹം ഷാ, നോറ ഫത്തേഹി, നുഷ്രത്ത് ബറൂച്ച തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പ്രതികരണവുമായിക് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ.
'ഇത്തരമൊരു സിനിമ എല്ലാ സംഗീത സംവിധായകരുടെയും സ്വപ്നമാണ്' എന്നാണ് റഹ്മാൻ പറഞ്ഞത്. ‘ഉഫ്ഫ് യേ സിയാപാ’ ഒരു നിശബ്ദ ചിത്രമാണ്, സംഭാഷണങ്ങളില്ല. ഈ സിനിമയുടെ സംഗീതത്തെ താങ്കൾ എങ്ങനെയാണ് സമീപിച്ചത്? എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എആർ റഹ്മാൻ.
"ഉഫ്ഫ് യേ സിയാപാ, ലവ് രഞ്ജൻ സാറിലൂടെയാണ് വന്നത്, തുടർന്ന് സംവിധായകൻ അശോക് എനിക്ക് കഥ പറഞ്ഞു തന്നു. അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസമുണ്ടായിരുന്നു. എല്ലാം വിശദീകരിക്കുന്ന ഒരു ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ, ഞാൻ അദ്ദേഹത്തിന് മൂന്ന് നാല് ആശയങ്ങൾ നൽകി. റെക്കോർഡു ചെയ്‌തു. കൂടാതെ രണ്ട് ഗാനങ്ങളും നൽകി. പിന്നെ ഞാൻ സിനിമ കണ്ടു, കുറച്ച് ഗാനങ്ങൾ കൂടി രചിച്ചു. ചില ഭാഗങ്ങൾ ഫ്രെയിം-ടു-ഫ്രെയിം സിങ്ക് ആയിരുന്നു." - റഹ്മാൻ പറഞ്ഞു.
മറ്റ് സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു? എന്ന ചോദ്യത്തിന്, "സംഗീതങ്ങൾ മാത്രമുള്ളതും സംഭാഷണങ്ങൾ ഇല്ലാത്തതുമായ ഒരു സിനിമ നേടുക എന്നത് ഒരു സംഗീത സംവിധായകന്റെ സ്വപ്നമാണ്, അതിനാൽ ഞാൻ അത് ഏറ്റെടുത്തു." എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.