
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും ഭാര്യ പാർവതിയും മക്കളും മരുമക്കളും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ വർഷമാണ് മകൻ കാളിദാസിന്റെയും മകൾ മാളവികയുടെയും വിവാഹം കഴിഞ്ഞത്. മോഡൽ താരിണിയാണ് കാളിദാസിന്റെ ഭാര്യ. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് മകൾ മാളവികയുടെ ഭർത്താവ്.
ഇപ്പോൾ തന്റെ കുടുംബാംഗങ്ങളെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിക്ചർ പെർഫെക്ട് എന്ന സെഗ്മെന്റിൽ ജയറാമിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില ഫോട്ടോകൾ കാണിച്ചപ്പോഴാണ് അതുമായി ബന്ധപ്പെട്ട ഓർമകൾ താരം പങ്കുവെച്ചത്. മകളെ കുറിച്ച് സംസാരിച്ച താരം കണ്ണനും ചക്കിക്കും കുട്ടിക്കാലത്ത് കുറുമ്പ് ഒരുപോലെയായിരുന്നുവെന്നും ആര് മുന്നിട്ട് നിൽക്കുന്നുവെന്ന് പറയാനാവില്ലെന്നുമാണ് ജയറാം പറയുന്നത്.
രണ്ടുപേരും വഴിക്കിടാറില്ല. മാളവികയെ ചൊറിയുന്നത് കാളിദാസന് ഇഷ്ടമാണെന്നും അവൾ അതിന് നിന്ന് കൊടുക്കുമെന്നും താരം പറയുന്നു. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞെങ്കിലും കുട്ടിക്കളി മാറിയിട്ടില്ലെന്നും താരം തുറന്നുപറയുന്നു. തനിക്ക് ഇപ്പോൾ ഒരു മകനും മകളും കൂടിയുണ്ട്. താരണിയെ തങ്ങൾ ലിറ്റിൽ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് തന്നെ താരിണി എന്ന പേര് പലപ്പോഴും മറന്ന് പോകും.
താരിണിയുടെ മുഴുവൻ പേര് പറയാൻ ബുദ്ധിമുട്ടാണ്. മൈസൂരാണ് താരിണിയുടെ കുടുംബം. അകത്തൂർ ചാമുണ്ഡി എന്നാണ് അവരുടെ ഫാമിലി നെയിം. അത് എല്ലാ സ്ത്രീകളുടേയും പേരിനൊപ്പം ചേർക്കുമെന്നും ജയറാം പറയുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് താരിണി. മക്കളുടെ വിവാഹമൊക്കെയാണ് തന്റെ സന്തോഷം. അതിലൊക്കെ താൻ ഇമോഷണലാണെന്നും നടൻ പറയുന്നു.