
ഹൃദയം കൊണ്ട് ഹൃദയപൂര്‍വത്തെ സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു മോഹൻലാൽ നന്ദി അറിയച്ചത്. മലയാളികൾക്ക് ഓണാശംസകളും നേർന്നിട്ടുണ്ട്.
"പ്രിയപ്പെട്ട പ്രേക്ഷകർ ഹൃദയം കൊണ്ട് ഹൃദയപൂർവത്തെ സ്വീകരിച്ചു. യഥാർഥത്തിൽ ഒരുപാട് സന്തോഷം. ഞാനിപ്പോൾ യുഎസിലാണ്. ഇവിടെയും നല്ല റിപ്പോർട്ട്സ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരുപാട് സന്തോഷം. ഇങ്ങനെയൊരു സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. അതൊരു സക്സസ്ഫുൾ മൂവിയാക്കി മാറ്റിയ എല്ലാവർക്കും നന്ദി. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ നേരുന്നു. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഹൃദയപൂർവം ഓണാശംസകൾ". - മോഹൻലാൽ വിഡിയോയിലൂടെ പറഞ്ഞു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവം ഈ മാസം 28 നാണ് തിയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായം നേടി ചിത്രം തിയറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. മോഹൻലാലിന് പുറമേ മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ മൂന്ന് ദിവസം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 8.63 കോടിയാണ്. ആദ്യ മൂന്ന് ദിവസങ്ങളിൽ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 8.06 കോടി (ഗ്രോസ്) ആണെന്നാണ് ട്രാക്കര്‍മാരുടെ റിപ്പോർട്ട്.
അതേസമയം വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ രണ്ട് ദിവസം ഒരു മില്യണ്‍ ഡോളറിന് മുകളില്‍ (9.73 കോടി രൂപ) ചിത്രം വിദേശത്ത് നിന്ന് നേടിയിരുന്നു. ആദ്യ രണ്ട് ദിവസത്തെ ഹൃദയപൂര്‍വത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 16.35 കോടിയാണ്.