

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് സംവിധായകൻ നാദിർഷ. ദിലീപിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പം ‘ദൈവത്തിന് നന്ദി, സത്യമേവ ജയതേ…’ എന്ന അടിക്കുറിപ്പും നാദിർഷ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു നാദിർഷയുടെ പ്രതികരണം. ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ.
കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. അതേസമയം, ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും.
എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സംഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.