ഇഷ്ട വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ തങ്ങളുടെ ഇഷ്ടനമ്പർ അല്ലെങ്കിൽ ലക്കി നമ്പർ തന്നെ വാഹനത്തിന് വേണമെന്നതും നിര്ബന്ധമായിരിക്കും. അതുകൊണ്ടുതന്നെ എന്ത് വില കൊടുത്തും ഇഷ്ട നമ്പർ സ്വന്തമാക്കാൻ പണം വാരിയെറിയുന്നവരും നിരവധിയുണ്ട്. സിനിമാതാരങ്ങളും വമ്പൻ വ്യവസായികളുമാണ് ഈ ലേലം വിളിയിൽ മുൻപന്തിയിൽ ഉള്ളത്. ആഗ്രഹിച്ചു വാങ്ങിയ വാഹനത്തിനു 45.99 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയ മലയാളി വ്യവസായിയായ വേണു ഗോപാലകൃഷ്‌ണനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തുക രജിസ്‌ട്രേഷൻ നമ്പറിനായി മുടക്കിയത്. ഇപ്പോൾ തെലുങ്ക് സൂപ്പർ താരം ബാലയ്യ എന്നറിയപ്പെടുന്ന നന്ദമുറി ബാലകൃഷ്‌ണയും തന്റെ പുതിയ വാഹനത്തിനു ഇഷ്ട നമ്പർ സ്വന്തമാക്കാനായി മുടക്കിയത് ലക്ഷങ്ങളാണ്. ലേലത്തിൽ TG 09 F 0001 എന്ന നമ്പറാണ് ഏഴു ലക്ഷത്തിനു മുകളിൽ രൂപ നൽകി ബാലയ്യ സ്വന്തമാക്കിയത്.
തെലങ്കാന റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ശനിയാഴ്ച നടത്തിയ ഓൺലൈൻ ലേലത്തിലാണ് 0001 എന്ന നമ്പറിനായി ബാലയ്യ 7.75 ലക്ഷം രൂപ മുടക്കിയത്. TG 09 F 0001 എന്ന നമ്പർ കൂടാതെ 0009, 9999, 0005, 0007, 0019, 0099 എന്നീ നമ്പറുകളും ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്തികളേക്കാളുപരി കമ്പനികളാണിതിൽ സജീവമായി പങ്കെടുത്തത്. ഫാൻസി നമ്പറുകൾക്കായി നടത്തിയ ഈ ലേലം വിളിയിലൂടെ ഗതാഗത വകുപ്പിനു 37.15 ലക്ഷം രൂപ ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
നന്ദമുറി ബാലകൃഷ്ണ തന്റെ ഏറ്റവും പുതിയ ബി എം ഡബ്‌ള്യുവിനായാണ് ഈ നമ്പർ സ്വന്തമാക്കിയത്. ബാലയ്യയെ കൂടാതെ കമലാലയ ഹൈസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 6.70 ലക്ഷം രൂപയ്ക്ക് TG 09 F 0009 എന്ന നമ്പർ ലേലത്തിൽ വിളിച്ചെടുത്തു. എക്കോ ഡിസൈൻ സ്റ്റുഡിയോ TG 09 F 9999 എന്ന നമ്പർ ഒരു ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. TG 09 F 0005 എന്ന നമ്പർ 1.49 ലക്ഷം രൂപ മുടക്കി ജെട്ടി ഇൻഫ്രാ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡും 1.37 ലക്ഷം രൂപയ്ക്ക് ശ്രീനിവാസ് നായിഡു കെ TG 09 F0007 എന്ന നമ്പറും ലേലത്തിലൂടെ സ്വന്തമാക്കി.