
'രാണു ബോംബെ കി രാണു' എന്ന തെലുങ്ക് നാടോടി ഗാനം യുട്യൂബിൽ വൈറലാണ്. വെറും നാല് മാസത്തിനുള്ളിൽ യൂട്യൂബിൽ 400 ദശലക്ഷം ആളുകളാണ് ഈ ഗാനം കണ്ടത്. ആകർഷകമായ ഈണവും പ്രാദേശിക അന്തരീക്ഷവും കാരണം ദക്ഷിണേന്ത്യയിൽ മാത്രമല്ല, രാജ്യമൊട്ടാകെ ഗാനം വൈറലായി. ഹിന്ദി ടി.വി ഷോകളിലെ സെലിബ്രിറ്റികൾ പലരും ഗാനത്തിന് നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു.
അതിലേറെ ഞെട്ടിപ്പിക്കുന്ന കാര്യം ഈ പാട്ടിന്റെ ബജറ്റാണ്. ഇത് നിർമിക്കാൻ മൂന്ന് ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. പാട്ട് വൈറലായതോടെ യൂട്യൂബിൽ നിന്ന് മാത്രം ഏകദേശം ഒരു കോടി രൂപ നേടി. ഒരു ഘട്ടത്തിൽ, പ്രതിദിനം ഏകദേശം ഒരു ദശലക്ഷം കാഴ്ചക്കാർ ഈ ഗാനത്തിന് ലഭിച്ചിരുന്നു.
രാമു റാത്തോഡ് എഴുതിയ ഈ ഗാനത്തിന് സംഗീതം നൽകിയത് കല്യാൺ കീസ് ആണ്, പ്രഭയും രാമുവും ചേർന്നാണ് ആലപിച്ചത്. ആദ്യം വെമുലവാഡയിൽ ചിത്രീകരിച്ച ഈ ഗാനത്തിന്റെ അവസാനം മെച്ചപ്പെടുത്തുന്നതിനായി ജഗിത്യാലിൽ വീണ്ടും ചിത്രീകരിച്ചു. നൃത്തച്ചുവടുകൾ രസകരവും ഉജ്ജ്വലവുമാക്കുന്നതിൽ നൃത്തസംവിധായകനായ ശേഖർ വൈറസ് മാസ്റ്റർ വലിയ പങ്കുവഹിച്ചു.